23 April 2024 Tuesday

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി, യു എ ഇയും സൗദിയും ബഹ്‌റൈനും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

ckmnews


ന്യൂഡല്‍ഹി: ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10.30-ന് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷന്‍ പുരോഗതിയും ചര്‍ച്ചയാകും.


കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.


ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തി.


ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകേഭദം കണ്ടെത്തിയിട്ടുണ്ട്.


പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. 


ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും.


യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.



ബഹ്‌റൈന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക ,നമീബിയ, ലിസോത്തോ , ബോട്‌സ്വാന , ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. പ്രവേശന വിലക്കില്ലാത്ത ആളുകള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ക്വാറന്റീനില്‍ കഴിയുകയും വേണം. റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രവേശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം. 

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി അറേബ്യയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.