25 April 2024 Thursday

സുഡാനി’കളില്ലാത്ത സെവൻസ് ഫുട്ബോൾ മേളകൾക്ക് മലബാറിൻ്റെ കളിത്തട്ടകങ്ങൾ ഒരുങ്ങുന്നു

ckmnews

സുഡാനി’കളില്ലാത്ത സെവൻസ് ഫുട്ബോൾ മേളകൾക്ക് മലബാറിൻ്റെ കളിത്തട്ടകങ്ങൾ ഒരുങ്ങുന്നു


മലപ്പുറം:രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിദേശതാരങ്ങളില്ല എന്ന സവിശേഷതയോടെ. വിദേശതാരങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്.എഫ്.എ.) സംസ്ഥാനകമ്മിറ്റിയുടേതാണ്. സംസ്ഥാനത്ത് 30 വർഷത്തിനുശേഷമാണ് വിദേശതാരങ്ങളെ പങ്കെടുപ്പിക്കാത്ത സെവൻസ് ടൂർണമെന്റ് നടക്കുന്നത്.1990-ൽ തൃശ്ശൂരിൽ നടന്ന സെവൻസിൽ, സുഡാനിൽനിന്നു പഠിക്കാനെത്തിയ അബ്ദുൽഗനിയും റാഡ് അൽസബീറൂം കളിച്ചതാണ് വിദേശസാന്നിധ്യത്തിനു തുടക്കംകുറിച്ചത്.സെവൻസ് കളിയ്ക്കാനെത്തിയ പല വിദേശതാരങ്ങളും തിരിച്ചുപോകാത്തതടക്കമുള്ള നിയമപ്രശ്‌നങ്ങളെ തുടർന്നാണ് അസോസിയേഷന്റെ തീരുമാനം. ഒരു കളിക്ക് 5000 രൂപവരെ പ്രതിഫലം വാങ്ങുന്ന വിദേശതാരങ്ങളുണ്ട്.ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സെവൻസ് കളിക്കാൻ സംസ്ഥാനത്തെത്തി കാണാതായ നിരവധി പേരുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്.എഫ്.എ.യുടെ അനുമതിയില്ലാതെ എത്തിയ താരങ്ങളാണ് അനധികൃതമായി ഇപ്പോഴും താമസിക്കുന്നത്.സംസ്ഥാനത്ത് സെവൻസ് ടൂർണമെൻറുകൾ കുറഞ്ഞതോടെ വിദേശതാരങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്കു കടന്നതായാണ് സൂചന. കേരളത്തിലെത്തി നാട്ടിലേക്കു മടങ്ങാത്തവരുടെ കണക്കിലാണ് ഇവർ ഉൾപ്പെടുക. അൻപതിലേറെ വിദേശതാരങ്ങൾ കാലാവധി കഴിഞ്ഞിട്ടും നാടുകളിലേക്കു മടങ്ങാത്തവരായിട്ടുണ്ട്. ഈ സീസണിൽ മൂന്നുമാസം മാത്രമാണ് ടൂർണമെൻറുകൾക്ക് ലഭിക്കുക.സെവൻസ് ടൂർണമെൻറ് കളിക്കാൻമാത്രം വിദേശത്തുനിന്ന് വർഷവും നൂറിലേറെപ്പേർ എത്താറുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ടൂർണമെൻറ് നടക്കുക. ഫുട്ബോൾ ടൂർണമെന്റ് നടത്തുന്ന കമ്മിറ്റികൾ 28-ന് മുൻപ്‌ അപേക്ഷ നൽകണം. റഫറിമാരുടെ രജിസ്ട്രേഷൻ 28-നുള്ളിൽ പൂർത്തിയാക്കും.കളിക്കാരുടെ രജിസ്ട്രേഷന് 30 വരെയാണ് അവസരം.എസ്.എഫ്.എ. സംസ്ഥാനകമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ കെ.എം. ലെനിൻ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. ഹംസ തിരൂരങ്ങാടി, ഹബീബ് അരീക്കോട്, റൗഫ് എടവണ്ണ, അൻവർ ജിംഖാന തൃശ്ശൂർ, ഫാറൂഖ് പച്ചീരി പെരിന്തൽമണ്ണ, ചന്ദ്രൻ കോഴിക്കോട്, യൂസഫ് കാളികാവ് എന്നിവർ പ്രസംഗിച്ചു