20 April 2024 Saturday

കൊവിഡ് 19 എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. മലപ്പുറത്ത് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ckmnews



എടപ്പാള്‍:ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തില്‍ എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് അടച്ചു.തിരുവനന്തപുരം സ്വദേശിയായ, എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.ദിവസങ്ങൾക്ക് മുമ്പ് എടപ്പാളിലെ ഭിക്ഷാടകനായ തമിഴ്നാട്, സേലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കുകയും, ഇയാൾ കഴിഞ്ഞിരുന്ന രക്ഷാ കേന്ദ്രത്തിലേക്ക് കമ്മ്യൂണിറ്റി കിച്ചണിൽനിന്ന് ഭക്ഷണമെത്തിച്ചിരുന്നതുമായ, പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആയെങ്കിലും ഡ്രൈവറുടെ ഫലം പോസിറ്റീവായതിനാൽ മുൻകരുതലെന്ന നിലയിലാണ് പഞ്ചായത്ത് ഓഫീസ് താൽകാലികമായി അടക്കാൻ കാരണമായത്.പഞ്ചായത്ത് ഓഫീസിലെ മിക്കവർക്കും ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിട്ടുള്ളതിനാൽ അവരെല്ലാം നിരീക്ഷണത്തിൽ പോകാനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർ കമ്യൂണിറ്റി കിച്ചണിൽ സ്ഥിരമായി ഭക്ഷണമെടുക്കാൻ പോകാറുള്ളതുകൊണ്ട് ഇവിടെയുള്ളവരും ആശങ്കയിലാണ്.അതേസമയം റോഡിൽപരിക്കേറ്റ് കിടന്ന ഭിക്ഷാടകനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെയും, ഭിക്ഷാടകനൊപ്പം കഴിഞ്ഞവരുടെയുമെല്ലാം ഫലം ലഭിക്കാനുമുണ്ട്.

അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. പെരിന്തൽമണ്ണയിൽ ജോലിചെയ്യുന്നയാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയത്. മലപ്പുറം ജില്ലയില്‍ ഇന്നലെ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.