28 March 2024 Thursday

ഹലാല്‍ വിവാദം ക്രിക്കറ്റിലും: ടീം മെനുവില്‍ ഹലാല്‍ഭക്ഷണം നിര്‍ബന്ധമാക്കി BCCI

ckmnews

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏർപ്പെടുത്തിയത്. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിര്‍ദേശമുണ്ടെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ 'കാറ്ററിങ് റിക്വയര്‍മെന്റ്‌സിന്റേയും മെനുവിന്റേയും' ചിത്രവും എന്‍ഡിടിവി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്.  

ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. #BCCIPromotesHalal എന്ന ഹാഷ്ടാഗില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയ ബിസിസിഐയ്ക്കെതിരേ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും.  ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവര്‍ ആരോപിക്കുന്നു.