27 March 2023 Monday

പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു : വയനാട്ടിൽ വിദ്യാർത്ഥിനിക്ക് മുഖത്ത് കുത്തേറ്റു- പ്രതി പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

ckmnews

വയനാട്: പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതാണ് ഇന്ന് നടന്ന അക്രമ സംഭവം. പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമാണെന്നാണ് വിവരം. വയനാട് ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ  വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്.

പുൽപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിയെയാണ് കത്തി ഉപയോഗിച്ച് മുഖത്ത് മുറിവേൽപ്പിച്ചത്. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിനി വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലക്കിടി കോളേജിന് സമീപത്തേക്ക് ദീപുവെത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ഇയാളെ അടിവാരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നത്. ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തുക്കൾക്കൊപ്പമാണ് വിദ്യാർത്ഥിനിയുണ്ടായത്. പെൺകുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ദീപുവും പെൺകുട്ടിയും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകനാണ് ദീപു.