19 April 2024 Friday

ഭാരതി എയർടെൽ മൊബൈൽ പ്രീപെയ്ഡ് നിരക്ക് 25ശതമാനംവരെ കൂട്ടി

ckmnews

മൊബൈൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചു. ഇതോടെ താരിഫിൽ 20 മുതൽ 25 ശതമാനംവരെ വർധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്.  

'സാമ്പത്തികാരോഗ്യം' കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. 200 രൂപയെങ്കിലും ഒരു ഉപയോക്താവിൽനിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാൽമാത്രമെ മുന്നോട്ടുപോകാൻ കഴിയൂ എന്നാണ് കമ്പനി പറയുന്നത്. 

നിലവിൽ ലഭിക്കുന്ന ശരാശരി വരുമാനം 153 രൂപയാണ്. റിലയൻസ് ജിയോക്കാകട്ടെ 144 രൂപയുമാണ്. നവംബർ 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. 

∙ 79 രൂപയുടെ പ്ലാനിന് 99 രൂപ


എയർടെൽ താരിഫ് വർധന വോയിസ് കോൾ പ്ലാനായ 79 രൂപ മുതലുള്ള പ്ലാനുകളെ ബാധിക്കും. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നൽകണം. ഇത് 50 ശതമാനം കൂടുതൽ ടോക്ക്ടൈമും 200 എംബി ഡേറ്റയും സെക്കൻഡിന് 1 പൈസ വോയ്‌സ് താരിഫും ഓഫർ ചെയ്യുന്നു. 149 രൂപയുടെ പ്ലാൻ 179 രൂപയായി ഉയർത്തി. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നൽകുന്നതാണ് പുതിയ 179 രൂപ പ്ലാൻ. 


∙ 298 രൂപയുടെ പ്ലാനിന് 359 രൂപ


219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 265 രൂപയായി ഉയർത്തി. ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 299 രൂപയായി വർധിപ്പിച്ചു. 1.5 ജിബി പ്രതിദിന ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 359 രൂപയായി ഉയർത്തി. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും ദിവസം 100 എസ്എംഎസും അൺലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്നു.


∙ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപ


56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നൽകണം. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 549 രൂപയായി വർധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ.


∙ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 839 രൂപ


379 രൂപ, 598 രൂപ, 698 രൂപ വിലയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ യഥാക്രമം 455 രൂപ, 719 രൂപ, 839 രൂപ എന്നിങ്ങനെ വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾക്കെല്ലാം അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. പ്ലാനുകൾ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യും.


∙  2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 2999 രൂപ


ഒരു വർഷത്തെ കാലാവധിയുള്ള 1,498 രൂപ, 2,498 രൂപ പ്ലാനുകൾക്ക് യഥാക്രമം 1799 രൂപയും 2999 രൂപയും നൽകണം. 1799 രൂപയുടെ പ്ലാനിൽ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 


∙ ടോപ്പ്-അപ്പ് പ്ലാനുകൾക്കും വർധന


48 രൂപ, 98 രൂപ, 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് യഥാക്രമം 58 രൂപ, 118 രൂപ, 301 രൂപ എന്നിങ്ങനെയായിരിക്കും വില. ഈ പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.