28 March 2024 Thursday

കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസും, തൃശ്ശൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരിക്ക്, 3 പേരുടെ നിലഗുരുതരം

ckmnews

ദേശീയപാതയില്‍ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്ക്. മൂകാംബിക ദര്‍ശനം തൃശൂരിലേയ്ക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും കാഞ്ഞങ്ങാട് നിന്നും ബദിയഡുക്കയിലേയ്ക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശികളായ ട്രാവലര്‍ ഡ്രൈവര്‍ നിഷാന്ത്, ഉണ്ണി, ബസിലുണ്ടായിരുന്ന മുള്ളേരിയയിലെ കൃഷ്ണന്‍ എന്നിവരെ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ സ്വദേശികളായ ജയരാമന്‍(48), സതീഷ് (38), സതീഷ് (42) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.ബസും ട്രാവലറും കൂട്ടിയിടിച്ച് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു

കാഞ്ഞങ്ങാട് ലയണ്‍സ് ഹാളില്‍ വിവാഹം കഴിഞ്ഞ് വധുവിനെ മടിക്കൈ ചാളക്കടവിലെ വരന്റെ വീട്ടിലാക്കിയ ശേഷം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വിവാഹസംഘം. ബസില്‍ നാലുപേര്‍ മാത്രമാണുണ്ടായിരുന്നത്. ട്രാവലര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയിലേയ്ക്ക് കയറിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരു വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.