29 March 2024 Friday

ആന്ധ്രയില്‍ കനത്ത മഴ; 17 മരണം, 100 ഓളം പേര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി

ckmnews

കടപ്പ: ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിക്കുകയും നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയില്‍ നൂറുകണക്കിന് തീര്‍ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ ഈ സംഭവങ്ങളില്‍ കാണാതായിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു.