25 April 2024 Thursday

അമേരിക്കയെ പിന്തള്ളി ലോക ധനിക രാജ്യങ്ങളിൽ ചൈന ഒന്നാമത്

ckmnews

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തിൽ രാജ്യങ്ങളിലെ ആസ്തികൾ കുത്തനെ വർധിച്ചെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ തന്നെ ഏറെ നേട്ടമുണ്ടാക്കിയത് ചൈനയും. ലോകത്തെ ധനികരാജ്യങ്ങളിൽ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുകയാണ് ഇവർ. കൺസൾട്ടൻസി കമ്പനി മക്‌കിൻസി ആന്റ് കമ്പനി ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലൻസ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആഗോള വരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണെന്ന് റിപ്പോർട്ട് പറയുന്നു. 2000 ത്തിൽ നെറ്റ് വെൽത്ത് 156 ലക്ഷം കോടി ഡോളറായിരുന്നത് 2020 ൽ 514 ലക്ഷം കോടി ഡോളറായി മാറിയിരിക്കുകയാണ്. ഈ വളർച്ചയുടെ മൂന്നിലൊന്നും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. 2000ത്തിൽ ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ വെൽത്ത് എങ്കിൽ 2020 ൽ അത് 120 ലക്ഷം കോടി ഡോളറായി.

അമേരിക്കയുടെ വെൽത്ത് ഈ കാലത്ത് 90 ലക്ഷം കോടി ഡോളറായി ഉയർന്നു. റിപ്പോർട്ട് പ്രകാരം റിയൽ എസ്റ്റേറ്റ് രംഗത്താണ് ഗ്ലോബൽ നെറ്റ് ആസ്തിയുടെ 68 ശതമാനവും ഉള്ളത്. അടിസ്ഥാന സൗകര്യം യന്ത്രങ്ങൾ, ഉപകരണങ്ങൾ, ബൗദ്ധിക ആസ്തികൾ, പേറ്റന്റുകൾ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഈ കണക്ക്. 


സാമ്പത്തികമായ ആസ്തികൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭാവിയിൽ വീടുകൾ ഭൂമിയിലെ വലിയൊരു വിഭാഗം ആളുകൾക്കും അപ്രാപ്യമായി ഒന്നായി മാറുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, മെക്സിക്കോ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിലുള്ള പത്ത് രാജ്യങ്ങൾ.