28 March 2024 Thursday

വില 5 കോടി:ഹാർദിക്കിന്റെ 2 ആഡംബര വാച്ചുകൾ വിമാനത്താവളത്തിൽ പിടിച്ചെടുത്തു

ckmnews

വില 5 കോടി:ഹാർദിക്കിന്റെ 2 ആഡംബര വാച്ചുകൾ വിമാനത്താവളത്തിൽ പിടിച്ചെടുത്തു


മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം യുഎഇയിൽനിന്നു മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യയിൽനിന്ന് 5 കോ‍ടി രൂപ വിലമതിക്കുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നവംബർ 14നു രാത്രി മുംബൈ വിമാനത്താവളത്തിൽവച്ചാണു സംഭവം നടന്നതെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  

വാച്ചുകളുടെ വിലവിവരം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹാർദിക്കിനു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിവീസിനെതിരെ നാളെ തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നാലെ ഹാർദിക് കസ്റ്റംസ് വിഭാഗവുമായും കുഴപ്പത്തിലായെന്നാണു വിവരം. 


കസ്റ്റംസ് നിയമ പ്രകാരം ഒരു യാത്രക്കാരനു വിദേശത്തുനിന്ന് 50,000 രൂപവരെ വിലവരുന്ന വസ്തുക്കൾ കസ്റ്റംസ് നികുതി ഒടുക്കാതെ നാട്ടിലേക്കു കൊണ്ടുവരാം. ‍എന്നാൽ നാട്ടിലേക്കു കൊണ്ടുവരുന്ന വസ്തുക്കളുടെ മൂല്യം 50,000ൽ അധികമാണെങ്കിൽ, ഇക്കാര്യം കസ്റ്റംസിനെ അറിയിക്കണം. 36 ശതമാനം വരെ നികുതിയാണ് കസ്റ്റംസ് ഇതിനു ചുമത്തുക.


ആഡംബര വാച്ചുകൾ ശേഖരിക്കുന്നതിൽ ഹാർദിക് നേരത്തെ മുതൽ തൽപരനാണെന്നതാണു മറ്റൊരു രസകരമായ വസ്തുത. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ചില വാച്ചുകൾ ഹാർദിക്കിന്റെ ശേഖരത്തിലുണ്ട്.