23 April 2024 Tuesday

ഷാർജയിലും ദുബായിലും നേരിയ ഭൂചലനം; നാശനഷ്ടമില്ലെന്ന് വിവരം

ckmnews

∙ യുഎഇയിൽ ചിലയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തിന്റെ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.തെക്കൻ ഇറാനിൽ വൈകിട്ട് 4.07 ന് റിക്ടർ സ്കെയിലിൽ 6.0, 6.3 രേഖപ്പെടുത്തിയ രണ്ടു ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ബാന്ദർ അബ്ബാസിന് 62 കിലോമീറ്റർ മാറിയാണ് ഇതിൽ ഒരു ഭൂചലനം രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഗൾഫ് മേഖലയിൽ ചിലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 4.4, 4.1 രേഖപ്പെടുത്തിയ രണ്ട് തുടർ ചലനങ്ങളും ഇറാനിൽ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.


ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങിയ ഇടങ്ങളിൽ ചിലയിടത്ത് ബഹുനില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുബായ് എക്സ്പോയിലെ ചില കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. തെരുവിൽ ഇറങ്ങിയവരുടെ ചിത്രങ്ങളും വിഡിയോയും മറ്റും ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.