29 March 2024 Friday

മരക്കാർ തീയേറ്ററിലേക്ക് തന്നെ , റിലീസ് ഡിസംബർ രണ്ടിന്

ckmnews



പ്രേക്ഷകരുടെ ആശങ്കകൾക്കു വിരാമമിട്ട് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം അറിയിച്ചത്. 


മോഹൻലാലും ചിത്രത്തിന്റെ നിർമാതാക്കളും കഴിഞ്ഞ ദിവസം ‘മരക്കാർ’ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് പറഞ്ഞതും.തിയറ്റർ റിലീസിനു ശേഷമാകും ചിത്രം ഒടിടിയിൽ പുറത്തിറങ്ങുക. സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നൽകുന്നത്. വിജയ് ചിത്രം ‘മാസ്റ്റർ’ തിയറ്ററിൽ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ ‘മരക്കാറു’മായുള്ള പ്രൈമിന്റെ കരാർ എങ്ങനെയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 3 ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നത് മലയാളി പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2018 ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മൂന്നു വർഷത്തിനു ശേഷം ചിത്രം പ്രേക്ഷകരിലേക്കെത്താൻ തയാറെടുക്കുമ്പോൾ അത് തിയറ്ററിൽ തന്നെയാകണേ എന്നായിരുന്നു എല്ലാവരുടെയും പ്രാർഥന.