19 April 2024 Friday

വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ckmnews



മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചെന്നും മന്ത്രി അറിയിച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍, വാഹന റജിസ്ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020 മാര്‍ച്ച് 30ന് നേരത്തെ മാര്‍ഗരേഖ ഇറക്കിയിരുന്നു.


ഡ്രൈവിങ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ധൃതി വേണ്ട


പഴയ ബുക്ക്- പേപ്പർ ഫോമിലുള്ള ഡ്രൈവിങ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ഇനി ഉടമകൾ തിരക്ക് കൂട്ടേണ്ടതില്ല. കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടില്ല. ജൂൺ രണ്ടാം വാരം വരെയാണ് ഡ്രൈവിങ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഫീസുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ തീയതി നീട്ടി നൽകാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഡ്രൈവിങ് ലൈസൻസിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് ഡാറ്റാ പോർട്ടിംഗ് നടന്നു കഴിഞ്ഞാലും പഴയ ബുക്ക് -പേപ്പർ ഫോമുകളിലുള്ള ലൈസൻസുകൾ കാർഡ് ഫോമിലാക്കുന്നതിന് തടസ്സങ്ങളും ഉണ്ടാകില്ല.


വിവിധ സേവനങ്ങൾക്ക് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടവർ www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ടോക്കൺ എടുത്തതിനുശേഷം മാത്രമാണ് ഓഫീസിൽ പ്രവേശിക്കേണ്ടത്. അപേക്ഷകൾ പൂർണ്ണമായി പൂരിപ്പിച്ചതിനുശേഷം മാത്രമേ ഓഫീസിൽ പ്രവേശിക്കാൻ പാടുള്ളൂ. കൂടാതെ ഏപ്രിൽ ഒന്ന് മുതൽ നികുതി വർധനവ് ഏർപ്പെടുത്തിയ സ്‌കൂൾ, കോളേജ് വാഹനങ്ങളുടെ കൂട്ടിയ നിരക്കിലുള്ള ടാക്സ് എൻഡോഴ്സ്മെന്റ് ഓഫീസിൽ നിന്നും കൈപ്പറ്റണം.

വാഹന ഉടമകൾ അടിയന്തരമായി ആർ സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്ത അപേക്ഷകൾ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം. എല്ലാ അപേക്ഷകളിന്മേലും ഉടമകളുടെയോ ബന്ധപ്പെട്ടവരുടെയോ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2469223 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു