16 April 2024 Tuesday

നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ല:കെട്ടിടങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മേഴത്തൂരിലെ അപകടക്കുഴി

ckmnews

നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ല:കെട്ടിടങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മേഴത്തൂരിലെ അപകടക്കുഴി


തൃത്താല: മേഴത്തൂർ സെൻ്ററിൽ പാതയരികിനോട് ചേർന്ന ട്രൈനേജ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും വഴി യാത്രക്കാർക്കും ഭീഷണിയാവുന്നു.മേഴത്തൂർ - മോസ്ക്കോ റോഡ് നവീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് കലുങ്ക് നിർമ്മാണത്തിൻ്റെ ഭാഗമായാണ് കച്ചവട സ്ഥാപനങ്ങൾക്ക് മുൻപിലായി കുഴി രൂപപ്പെട്ടത്.മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്താതായതോടെ  ആഴത്തിലുള്ള കുഴി മഴയിലും വെള്ളത്തിൻ്റെ കുത്തൊഴുക്കിലും വക്കിടിഞ്ഞും മറ്റും ആഴവും വ്യാപ്തിയും വർദ്ധിക്കുകയായിരുന്നു.

കനത്ത മഴയിൽ ഈ ഭാഗത്തെ അഴുക്ക് ചാലിൻ്റെ മണ്ണിടിഞ്ഞ് സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ അടിത്തറ വരെയെത്തി.ചില ഭാഗങ്ങളിൽ കടത്തിണ്ണകളുടെ അരികുകളിൽ വരെ വിള്ളലുകൾ രൂപപ്പെട്ടു. ഇതോടെ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും.കടകൾക്ക് മുൻപിൽ കിടങ്ങുകൾ രൂപപ്പെട്ടതോടെ കച്ചവട സ്ഥാപനങ്ങളിലേക്കെത്തുന്നവരും വലയുകയാണ്. ആഴത്തിലുള്ള കുഴിയിൽ ഇരുമ്പ് കാനുകളും തകിടുകളു വച്ച് വ്യാപാരികൾ താൽക്കാലിക പരിഹാരം കണ്ടെത്തിയെങ്കിലും അപകട സാധ്യത ഒഴിയുന്നില്ല.കുഴിയോട് ചേർന്നാണ് മേഴത്തൂരിലെ ഓട്ടോ സ്റ്റാൻ്റ് എന്നതിനാൽ ഓട്ടോ തൊഴിലാളികളും ദുരിതത്തിലാണ്.സ്കൂളുകൾ തുറന്നതോടെ മേഴത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികളുൾപ്പടെയുള്ള കാൽനട യാത്രക്കാരും ഈ ഭാഗത്ത് കൂടെ അപകട യാത്ര ചെയ്യേണ്ട ഗതികേടിലാണ്. കാലൊന്ന് തെറ്റിയാലോ, അരിക് വശത്തെ മണ്ണിടിഞ്ഞാലോ വീഴുക കോൺക്രീറ്റ് സ്ലാബുകൾക്കിടയിലുടെ കുഴിയുടെ ആഴത്തിലേക്കായിരിക്കും. കനത്ത മഴ പെയ്താൽ വെള്ളക്കെട്ടും രൂക്ഷമാണ്.

2020 ആഗസ്റ്റ് മാസത്തിലാണ് മേഴത്തൂർ സെൻ്ററിൽ നിന്നും ആരംഭിച്ച് കാക്കരാത്ത് പടിയിൽ അവസാനിക്കുന്ന നാല് കിലോമീറ്റർ നീളുന്ന പാതയുടെ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നത്.നവീകരണത്തിൻ്റെ ഭാഗമായി മേഴത്തൂർ സെൻ്ററിൽ ഉൾപ്പടെ കലുങ്കുകൾ നിർമ്മിക്കുവാൻ പത്തോളം ഭാഗങ്ങളിൽ റോഡ് പൊളിച്ച നിലയിലാണ്.കനത്ത മഴയിൽ റോഡ് പൊളിച്ചിട്ട ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിക്കെട്ടും രൂപപ്പെട്ടു. ഇതാടെ പാതയിലൂടെയുള്ള കാൽനടയാത്രയും വാഹന യാത്രയും ഒരു പോലെ ദുർഘടമാണ്. പൊതുമരാമത്ത് വകുപ്പ് നിധിയിൽ നിന്നും അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പതിനഞ്ച് മാസം മുൻപ് പാതനവീകരണം ആരംഭിച്ചതെങ്കിലും ടാറിങ്ങ് ജോലികളൊന്നും ആരംഭിക്കാനായിട്ടില്ല.