23 April 2024 Tuesday

ഇന്ന് മാത്രം എമിറേറ്റ്സ് പിരിച്ചുവിട്ടത് 600 പൈലറ്റുമാരെയെന്ന് റിപ്പോര്‍ട്ട്

ckmnews

മുംബൈ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത തിരിച്ചടി നേരിടുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ന് ഒറ്റ ദിവസം മാത്രം 600 പൈലറ്റുമാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇപ്പോള്‍ എമിറേറ്റ്സില്‍ നടക്കുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം നേരത്തെ തന്നെ എമിറേറ്റ്സ് സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


അടുത്തിടെ ഇന്റിഗോയില്‍ നിന്ന് രാജിവെച്ച് എമിറേറ്റ്സിലെത്തിയ ഇന്ത്യന്‍ പൈലറ്റുമാരും ഇന്ന് പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിവരം. ഇന്ന് പിരിച്ചുവിടപ്പെട്ടവരടക്കം ഇതുവരെ 792 പൈലറ്റുമാര്‍ക്ക് എമിറേറ്റ്സില്‍ കൊവിഡ് കാലത്ത് ജോലി നഷ്ടമായിട്ടുണ്ട്. ഇതിന് മുമ്പ് മേയ് 31ന് 180 പൈലറ്റുമാരെ പിരിച്ചുവിട്ടിരുന്നു. പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് ഇന്ന് ജോലി നഷ്ടമായ 600 പേരെന്നാണ് ലഭ്യമാകുന്ന വിവരം. എമിറേറ്റ്സ് A380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍.


കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ തന്നെ വ്യോമയാന മേഖല നിശ്ചലമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വിമാനക്കമ്പനികളെല്ലാം. ജീവനക്കാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി പരിശ്രമിക്കുകയാണെന്നും എന്നാല്‍ മഹാമാരി തങ്ങളിലേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ മനുഷ്യവിഭവശേഷി അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ടെന്നുമാണ് എമിറേറ്റ്സ് വക്താവ് പ്രതികരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജീവനക്കാരില്‍ ചിലരെ പിരിച്ചുവിടേണ്ടിവരുമെന്ന തീരുമാനത്തിലെത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. കാര്യങ്ങളെ നിസാരമായി കാണുന്നില്ല. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനാവുകയാണെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.


ജൂണ്‍ 15ഓടെ സേവനം അവസാനിപ്പിക്കുമെന്ന് കാണിച്ചാണ് പൈലറ്റുമാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടങ്ങുന്ന ജീവനക്കാരില്‍ 30 ശതമാനത്തെ എമിറേറ്റ്സ് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 30,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നും കരുതപ്പെടുന്നു.