25 April 2024 Thursday

തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; എല്ലാവരും വിജയിച്ചു

ckmnews


ചെന്നൈ: തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ജൂണ്‍ 15ന് പുനരാരംഭിക്കാനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 12690 കേന്ദ്രങ്ങളിലായി ഒന്‍പത് ലക്ഷത്തിലധികം കുട്ടികളാണ് തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്നത്.


രാജ്യത്ത് മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്കില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തി ജീവന്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു കോടതി വിമര്‍ശനം. ജൂണ്‍ 11ന് വിശദീകരണം നല്‍കാനും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.


ഇതേതുടര്‍ന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ അവലോകന യോഗം ചേരുകയും പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൊവിഡ് വ്യാപന തോത് സമീപ ഭാവിയിലൊന്നും കുറയില്ലെന്ന് ആരോഗ്യ വിദഗ്ധരും എപ്പിഡമിയോളജിസ്റ്റുകളും അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി എടപ്പാടി വ്യക്തമാക്കി.


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്‍െ്‌റ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കും. അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കില്‍ നിന്ന് 80 ശതമാനം വെയ്‌റ്റേജ് കണക്കാക്കും ത്രൈമാസ പരീക്ഷയുടെ മാര്‍ക്കിന് 20 ശതമാനം വെയ്‌റ്റേജും കണക്കാക്കിയായിരിക്കും മാര്‍ക്ക് നല്‍കുന്നത്. നേരത്തെ തെലങ്കാന സര്‍ക്കാരും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. കേരളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു