25 April 2024 Thursday

മരക്കാർ’ സിനിമ വിറ്റത് 90 കോടിക്ക് മുകളിൽ ആണെന്ന് സൂചന

ckmnews


മരക്കാർ– അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന.  തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം നിർമാതാവിനുള്ളതാണ്.


ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 3 മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. ബ്രോ ഡാഡിയും ട്വൽത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്. പേരിടാത്ത മറ്റൊരു മോഹൻലാൽ ചിത്രം ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. എല്ലാം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു.


ഓരോ തിയറ്ററിലും സാധാരണ 4 ഷോയ്ക്കു പുറമേ 3 ഷോയെങ്കിലും കൂടുതൽ കളിക്കാനാണ് ആസൂത്രണം ചെയ്തിരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു സാധ്യമാകില്ലെന്നും മരക്കാർ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഈ സാഹചര്യത്തിൽ മുടക്കിയ പണം തിരിച്ചു കിട്ടാനായി ഒടിടിയല്ലാതെ മാർഗമില്ല. കൂടുതൽ പ്രതികരണത്തിനില്ലെന്നു തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു.