23 April 2024 Tuesday

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഇനി ഒരു കോടി രൂപ പിഴ

ckmnews

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഇനി ഒരു കോടി രൂപ പിഴ


ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഇനി കര്‍ശന നടപടി.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് കേന്ദ്രം അധികാരം നല്‍കി.

മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിപ്പിച്ചു.


ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ഭേദഗതി ചെയ്തു.



ജോയിന്റ് സെക്രട്ടറി തലത്തതിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം. നിയമം, മാനേജ്മെന്റ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം.


പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിര്‍ദേശിക്കാം. നടപടിക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയും വേണം. ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.