20 April 2024 Saturday

വടക്കേകാട് അടക്കം തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

ckmnews



തൃശ്ശൂര്‍: ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്‍റ് മേഖലകളായി തിരിച്ച് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് തടഞ്ഞു. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്. 


അവശ്യ സാധനകൾക്കായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി. ഇത് രാവിലെ ഏഴ് മുതൽ ഏഴ് വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാനോ വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കർശന നടപടികൾക്കും നിയമ പരിപാലനത്തിനായി കളക്ടർ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയർന്നതും ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്‍റെ അൺലോക്ക് ആദ്യഘട്ട ഇളവുകളുടെ അടിസ്ഥാനത്തിൽ ഇന്നു മുതൽ കൂടുതൽ ഇളവുകളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് കണ്ടെയ്‌ൻമെന്റ് സോണുകൾ ജില്ലയിൽ ഉണ്ടാവുന്നത്.