25 April 2024 Thursday

ജോജുവിന്റെ വാഹനത്തിന് 6 ലക്ഷംരൂപയുടെ നഷ്ടം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

ckmnews

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. 


ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. പോലീസ് കണക്കുകൂട്ടല്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. 


സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയില്‍ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. 


വഴിതടഞ്ഞുകൊണ്ട് സമരം നടത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് നടന്‍ ജോജു ആക്രമിക്കപ്പെട്ടത്. ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. ഇതിനിടെയാണ് ജോജു അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.


ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു.


ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയില്‍ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.


ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.