29 March 2024 Friday

ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇയാളുമായി സമ്പർക്കമുണ്ടായെന്ന പരിഭ്രാന്തിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യക്ക്‌ ശ്രമിച്ചു

ckmnews


എടപ്പാള്‍:എടപ്പാളിൽ  ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇയാളുമായി സമ്പർക്കമുണ്ടായെന്ന പരിഭ്രാന്തിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹത്യക്ക്‌ ശ്രമിച്ചു.

ഇതേസമയം ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും കൂടുതൽ ജാഗ്രതയും നിയന്ത്രണങ്ങളും പാലിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സേലം സ്വദേശിയും മൂന്നുവർഷത്തോളമായി എടപ്പാൾ വാസിയുമായ ഭിക്ഷാടകനാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂർ റോഡിലെ ഒരു സ്ഥാപനത്തിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഇതിനിടയിൽ ഇയാൾക്ക് സിഗരറ്റ് ലൈറ്റർ കൈമാറിയിരുന്നുവത്രെ. ഇതുമൂലമുണ്ടായ ഭീതിയിലാണ് ഇദ്ദേഹം കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകാർ കണ്ടതോടെ വീട്ടുകാരെ വിളിച്ചുവരുത്തി ഇയാളെ കൊണ്ടുപോകുകയായിരുന്നു.

അതേസമയം ഭിക്ഷാടകൻ സ്ഥിരം സന്ദർശിച്ചിരുന്ന പട്ടാമ്പി റോഡിലെ കടകളെല്ലാം തിങ്കളാഴ്ച ആരോഗ്യപ്രവർത്തകർ മുൻകരുതലെന്നനിലയിൽ അടപ്പിച്ചിട്ടുണ്ട്. ഭിക്ഷാടകനുമായി സമ്പർക്കത്തിലേർപ്പെട്ടതായി കണ്ടെത്തിയവരെയെല്ലാം നിരീക്ഷണത്തിലേക്കു മാറ്റുകയും സ്രവം പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഭിക്ഷാടകന് രോഗം പകർന്നത്‌ എവിടെനിന്നെന്നറിയാത്തതും ആരൊക്കെയായി സമ്പർക്കമുണ്ടായെന്നറിയാത്തതും പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇയാൾ രാവിലെ ചില സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന ജോലി ചെയ്യുന്നുണ്ട്.