19 April 2024 Friday

'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തുടക്കമായി

ckmnews

'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തുടക്കമായി


എടപ്പാൾ: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട്‌ കെ പ്രഭാകരൻ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ക്ഷമറഫീഖ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ദിനേശ്, പഞ്ചായത്ത് സെക്രട്ടറി ബാബു , അസിസ്റ്റന്റ് സെക്രട്ടറി ലീന, സി ഡി എസ് ചെയർപേഴ്‌സൺ അംബുജാക്ഷി, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.  ഇതിനായി ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും  കൃഷി ചെയ്യും.ഇതിനായി ഓരോ വാര്‍ഡിലും  50  കുടുംബങ്ങളെ  വീതം  തിരഞ്ഞെടുത്ത് ഒരു ക്ലസ്റ്റര്‍ ആയി രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും നല്‍കുന്നത് കുടുംബശ്രീയാണ്.