29 March 2024 Friday

21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻഖാന് ജാമ്യം

ckmnews

21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻഖാന് ജാമ്യം


21ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.


ഇവരുടെ ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. തുടർച്ചയായ21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ മോചിതനാകുന്നത്. ആര്യൻഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്.


ആര്യനിൽ നിന്നും എൻസിബി ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻ്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ പറയുകയുണ്ടായി.


അതേസമയം, കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു. പക്ഷെ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.