24 April 2024 Wednesday

വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15 കഴിഞ്ഞ് തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി സ്‌കൂൾ പ്രവേശനവും ടി.സി.യും ഇനി ഓൺലൈനിൽ

ckmnews


ന്യൂഡല്‍ഹി: സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  

സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

മാര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ പ്രവേശനം ഇനി ഓൺലൈനിലൂടെ നടത്താം. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കൾക്ക് ഓൺലൈനായി (sampoorna.kite.kerala.gov..in) അപേക്ഷിക്കാം. നേരിട്ട് അപേക്ഷിച്ചവർ ഓൺലൈനിൽ അപേക്ഷിക്കേണ്ട.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് കയറ്റം ‘സമ്പൂർണ’ വഴി ഇപ്പോൾ നടക്കുംപോലെ തുടരും. ക്ലാസ് കയറ്റം വഴിയോ അല്ലാതെയോ ഉള്ള സ്കൂൾ മാറ്റത്തിന് ടി.സി.യ്ക്ക് അപേക്ഷിക്കുമ്പോൾ സമ്പൂർണ വഴിതന്നെ നൽകണം. ടി.സി. അപേക്ഷ ലഭിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപകർ ‘സമ്പൂർണ’ വഴി ട്രാൻസ്ഫർ ചെയ്ത് ടി.സി.യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്കൂളിന് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. തുടങ്ങി മറ്റു സ്ട്രീമുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്കും പുതുതായി സ്കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും സമ്പൂർണ വഴി അപേക്ഷിക്കാം. പ്രഥമാധ്യാപകരുടെ സമ്പൂർണ ലോഗിനിൽ ലഭിക്കുന്ന അപേക്ഷയ്ക്കനുസരിച്ച് താത്‌കാലിക പ്രവേശനം നൽകും. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കാം

യഥാർഥരേഖകൾ സ്കൂളിൽ പ്രവേശിക്കുന്ന ദിവസം അല്ലെങ്കിൽ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി. ആധാർ നമ്പർ ലഭിച്ച കുട്ടികൾ ആ നമ്പറും യു.ഐ.ഡി. അപേക്ഷിക്കുകയും എൻറോൾമെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ ‘ഇല്ല’ എന്ന് രേഖപ്പെടുത്താൻ സോഫ്റ്റ്‌വേറിൽ സംവിധാനമുണ്ട്.