24 April 2024 Wednesday

ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ എആർ റഹ്മാനൊപ്പം ദൃശ്യ വിസ്മയങ്ങൾ തീർത്ത മലയാളികൾക്ക് അഭിനന്ദന പ്രവാഹം മലപ്പുറം ചങ്ങരംകുളം സ്വദേശി താമറിന് ഇത് അഭിമാന നിമിഷം

ckmnews

ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ എആർ റഹ്മാനൊപ്പം ദൃശ്യ വിസ്മയങ്ങൾ തീർത്ത മലയാളികൾക്ക് അഭിനന്ദന പ്രവാഹം


മലപ്പുറം ചങ്ങരംകുളം സ്വദേശി താമറിന് ഇത് അഭിമാന നിമിഷം   

                                                                                 ചങ്ങരംകുളം:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത  കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ വർണ്ണ വിസ്മയങ്ങൾ തീർത്ത് ലോക മലയാളികൾക്ക് മുമ്പിൽ അഭിമാനമാവുകയാണ് ചങ്ങരംകുളം സ്വദേശിയായ താമറും സുഹൃത്തുക്കളും.തെലുങ്കാന ഗവർൺമെന്റിന്റെ നേതൃത്വത്തിൽ വർഷംതോറും ആഘോഷിക്കുന്ന ബത്തുക്കമ്മ ഫെസ്റ്റിവലിന്റെ  (പുഷ്പോത്സവം ) ആഗോളതല ഉദ്ഘാടനത്തിന്റെ ഭാഗമായി എ. ആർ. റഹ്‌മാന്റെ സംഗീതത്തിനനുസൃതമായി യുഎഇയിലെ പരസ്യ സംവിധായകൻ കൂടിയായ മലപ്പുറം ചങ്ങരംകുളം സ്വദേശി താമറും സുഹൃത്തുക്കളും ചേർന്നാണ് ബുർജ് ഖലീഫയിൽ വർണ്ണ വിസ്മയം തീർത്തത്. പരിപാടി തത്സമയം നേരിട്ട് ആസ്വദിച്ചവരും വിവിധ ചാനൽ വഴി വിസ്മയ കാഴ്ചകൾ ആസ്വദിച്ചവരുമായി നിരവധി ആളുകളാണ് യുവാക്കൾക്ക് അഭിനന്ദനവുമായി എത്തുന്നത്.


എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനു പൂർണമായും പൂക്കളുടെ പ്രമേയത്തിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ്, ത്രി–ഡി അനിമേഷൻ എന്നിവയുപയോഗിച്ച് ഗ്രാഫിക്സ് ദൃശ്യങ്ങൾ ഒരുക്കിയത്. മലപ്പുറം മൂത്തേടം സ്വദേശിയും മധ്യപൂർവദേശത്തെ അറിയപ്പെടുന്ന അനിമേറ്ററുമായ വി.പി. സനൂപ് അഹമ്മദ് ആണ് ഷോയുടെ ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തത്.ബുർജ് ഖലീഫയുടെ മുകളിൽ ഗാനവും ദൃശ്യങ്ങളും സമന്വയിച്ച മനോഹരമായ പ്രോമോ ഷോയിലൂടെ ബത്തുക്കമ്മ ഫെസ്റ്റിവലിന് തുടക്കംകുറിച്ചത്. ഓസ്കാർ ജേതാവ് കൂടിയായ എ. ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഒരു ഗാനം പൂർണമായും ബുർജ് ഖലീഫയിൽ ഇതാദ്യമായാണ് അവതരിപ്പിച്ചത്.ബാത്തുക്കമ്മയ്ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ നിറത്തിലുള്ള പൂക്കളുടെ മാതൃകയിലായിരുന്നു പ്രോമോ ഷോ. പരസ്യ സംവിധായകൻ തൃശൂർ സ്വാദേശി മുഹമ്മദ് ഹാഷിം സുലൈമാനാണ്  കോ ഡയറക്ടർ.  ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിന്റെ പ്രോമോ ഷോ തയ്യാറാക്കുന്നതിൽ സഹകരിക്കാൻ കഴിഞ്ഞതിലും എ.ആർ.റഹ്‌മാന്റെ സംഗീതത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു. മലയാളിയായ റഫീസ് റഹ്മത്തുള്ളയുടെ കീഴിലുള്ള ബിസ്‌ഡെസ്‌ക് കമ്പനിയാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.കഴിഞ്ഞ 10 വർഷമായി യുഎഇ യിൽ റാസൈൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന താമർ ചങ്ങരംകുളം മൂക്കുതല ചേലക്കടവ് സ്വദേശിയായ കരുവാന്റെ വളപ്പിൽ വീരാൻകുട്ടിയുടെയും സുബൈദയുടെയും മകനാണ്. സുനീറയാണ് ഭാര്യ മകൾ ദുആ, മുർഷിദ്,ഉമർ മുക്താർ എന്നിവരാണ് സഹോദരങ്ങൾ.ആഡ് ഫിലിം മേക്കർ കൂടിയായ താമർ വിവിധ കമ്പനികൾക്കായി നിരവധി പരസ്യങ്ങളും ഇതിനോടകം തയ്യാറാക്കി പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.യുഎഇ യിൽ ഹാപ്പിനസ് മന്ത്രാലയത്തിന് കീഴിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ റിഫ്ളക്ഷൻ എന്ന ഒരു മിനിറ്റ് ചിത്രം ഒരുക്കി യുഎഇ ഗവൺമെന്റിന്റെ അംഗീകാരം വാങ്ങിയെടുക്കാനും താമറിനും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടുണ്ട്.