25 April 2024 Thursday

സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews

തിരുവനന്തപുരം: കാലവർഷം പൂർണമായും പിൻവാങ്ങി. തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് (Rain) സാധ്യതയുണ്ട്. ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.


മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.