29 March 2024 Friday

‘സേവ് കേരള, ഡികമ്മിഷൻ മുല്ലപ്പെരിയാർ’; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം

ckmnews

കേരളത്തെ സംരക്ഷിക്കണമെന്നും മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണമെന്നുമാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നതിന് പിന്നാലെയാണ് കേരളത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.മുല്ലപ്പെരിയാർ ഡികമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനിടെ അടിയന്തര നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മലയാളികൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചേക്കേറിയത്. ഒറ്റ ദിവസംകൊണ്ട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കമന്റുകളാണ് നിറഞ്ഞത്. ‘സേവ് കേരള’യാണ് മിക്കവരും ഉയർത്തിയിരിക്കുന്നത്. ‘വെള്ളം എടുത്തോളൂ എന്നും ജീവൻ എടുക്കരുതെന്നും പറഞ്ഞവരുണ്ട്. മുല്ലപ്പെരിയാർ ഡികമ്മിഷൻ ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ വ്യാപക ക്യാമ്പെയ്‌നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വർഷമാണെന്നിരിക്കെ മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ട് 126 വർഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടർന്ന് ഡികമ്മിഷൻ നീക്കം നടന്നെങ്കിലും തമിഴ്‌നാട് അതിനെ എതിർത്തു. ഇക്കാര്യത്തിൽ കേരളവും തമിഴ്‌നാടും തർക്കം തുടരുകയാണ്.