24 April 2024 Wednesday

ട്രോളിങ് നിരോധനം ഇന്ന് അർധ രാത്രി മുതൽ

ckmnews

കൊച്ചി : സംസ്ഥാനത്തെ ഫിഷ് ലാൻഡിംഗ് സെന്ററുകൾക്ക് ഇന്ന് അർധരാത്രിയോടെ പൂട്ടു വീഴും. സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുമ്പോൾ തീരങ്ങളിൽ ആശങ്ക ഉയരുകയാണ്. നീണ്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം നഷ്ടം നേരിടുന്ന മത്സ്യ മേഖലക്ക് കനത്ത തിരിച്ചടിയാണ് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം.ഈ കാലയളവിൽ സർക്കാർ പ്രഖ്യാപിക്കാറുള്ള സൗജന്യ റേഷൻ അടക്കുള്ള ആനുകൂല്യങ്ങൾ മൂന്ന് വർഷമായി ലഭിക്കാറില്ലെന്നും ട്രോളിംഗ് കാലാവധി കുറയ്ക്കണമെന്നും ആവശ്യം ശക്തമാണ്. രണ്ട് മാസത്തോളം പണിയില്ലാതാകുന്നതോടെ മത്സ്യ തൊഴിലാളികൾ മറ്റ് ജോലികൾ തേടിയിറങ്ങുകയാണ്. എന്നാൽ കൊവിഡിന്റെ ആശങ്കയിൽ മറ്റ് തൊഴിലുകൾ ലഭിക്കാനും ബുദ്ധിമുട്ടാണ്. മത്സ്യ ബന്ധന മേഖലക്ക് സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. മത്സ്യക്ഷാമവും പ്രതികൂല കാലാവസ്ഥയും മൂലം പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കും പണിയില്ലാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ സീസണിൽ ലഭിക്കേണ്ട ചെമ്മീൻ , അയില തുടങ്ങിയ മത്സ്യങ്ങൾ  കൂടുതലായി കിട്ടും എന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ.