24 April 2024 Wednesday

ആദ്യം ദിർഹം നൽകും, ശേഷം അബദ്ധം പറ്റിയെന്നു പറഞ്ഞ് തിരികെ വാങ്ങി പണം നൽകും; തട്ടിപ്പ് ഇങ്ങനെ.

ckmnews


പാലക്കാട് : വിദേശ കറൻസി നൽകാമെന്നു പറഞ്ഞു പണം തട്ടുന്ന സംഘം ജില്ലയിൽ വ്യാപകം. യുഎഇ ദിർഹം നൽകാമെന്നു പറഞ്ഞ് മണ്ണാർക്കാട് സ്വദേശിയുടെ 11 ലക്ഷം രൂപ കഴിഞ്ഞ ദിവസം തട്ടിയെടുത്തതോടെയാണു കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തിയത്. പാലക്കാട് നഗരത്തിനു സമീപത്തെ കൽമണ്ഡപം, ആര്യമ്പാവ്, പുതുശ്ശേരി സ്വദേശികളാണു വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയത്. 


ജില്ലയിൽ ഇത്തരം ഒട്ടേറെ തട്ടിപ്പ് നടന്നതായി പൊലീസിനു വിവരം ലഭിച്ചു. ദിർഹം കൈമാറുന്നത് അനധികൃത ഇടപാടയതിനാൽ പലരും പരാതി നൽകിയിട്ടില്ല.  കരിങ്കല്ലത്താണിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന മണ്ണാർക്കാട് സ്വദേശിയുടെ പണമാണ് 22നു രാത്രി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു രണ്ടംഗ സംഘം തട്ടിയെടുത്തത്. ദിർഹം കൈവശമുണ്ടെന്നും പണവുമായി പാലക്കാട്ടെത്തണമെന്നുമുള്ള സംഘത്തിന്റെ നിർദേശപ്രകാരമാണു യുവാവ് എത്തിയത്. 


ദിർഹമെന്ന പേരിൽ ഏതാനും കടലാസ് കെട്ടുകൾ കാണിച്ച് സംഘം യുവാവിന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുവെന്നാണു പരാതി. സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാമിനാണ് അന്വേഷണച്ചുമതല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പണം തട്ടിയ സംഘം ഇതര സംസ്ഥാനത്തുള്ളവരാണെന്നു വിവരം ലഭിച്ചു.


മലയാളം ഒട്ടും അറിയാത്ത ഹിന്ദി നന്നായി സംസാരിക്കുന്നവരാണു സംഘത്തിലുണ്ടായിരുന്നതെന്നാണു പരാതിക്കാരന്റെ മൊഴി. കഴിഞ്ഞ മാസം കാസർകോട് സമാന തട്ടിപ്പ് നടത്തിയ ജാർഖണ്ഡ് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം മലപ്പുറം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയ ഇതര സംസ്ഥാനക്കാർ അറസ്റ്റിലായിരുന്നു. മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണു സംഘങ്ങളുടെ തട്ടിപ്പ്.


തട്ടിപ്പ് ഇങ്ങനെ


കടയിലെത്തി മൊബൈൽ റീ ചാർജ് ചെയ്തശേഷം തട്ടിപ്പ് സംഘം പഴ്സിൽനിന്ന് ആദ്യം ദിർഹം എടുത്തു കച്ചവടക്കാരനു നൽകും. അബദ്ധം പറ്റിയെന്നു പറഞ്ഞ് ഇതു തിരികെ വാങ്ങി പണം നൽകും. ദിർഹം എവിടെ നിന്നാണെന്നു കച്ചവടക്കാരൻ ചോദിക്കുന്നതോടെ തട്ടിപ്പിന്റെ ആദ്യ ഘട്ടം തുടങ്ങും.

മനോദൗർബല്യമുള്ള കൂട്ടുകാരന്റെ കൈവശം ലക്ഷങ്ങളുടെ ദിർഹമുണ്ടെന്നും ചെറിയ തുക നൽകിയാൽ ഇതു ലഭിക്കുമെന്നും സംഘം കച്ചവടക്കാരനെ തെറ്റിദ്ധരിപ്പിക്കും. സംഘം പറയുന്ന സ്ഥലത്തു കച്ചവടക്കാരൻ പണവുമായി എത്തും. ദിർഹമെന്ന പേരിൽ കടലാസു കെട്ടുകൾ കാണിക്കും. ഇതു പരിശോധിക്കുന്ന സമയം കൊണ്ട് സംഘം പണം തട്ടിപ്പറിച്ചു മുങ്ങും.