23 April 2024 Tuesday

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി; വർധനവ് 80 ദിവസങ്ങൾക്കു ശേഷം

ckmnews


നിരക്ക് 42 ഡോളറിന് മുകളിലേക്ക്: രാജ്യാന്തര എണ്ണവില ഉയരുന്നു


ന്യൂഡൽഹി ∙ ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധന. 60 പൈസ വീതമാണ് പെട്രോളിന്റെയും ‍ഡീസലിന്റെയും റീട്ടെയിൽ വിലയിൽ കൂടിയത്. തുടർച്ചയായ 80 ദിവസങ്ങൾക്കു ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16നാണ് അവസാനമായി വില പരിഷ്കരിച്ചത്.


കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ സെസ് അല്ലെങ്കിൽ വാറ്റ് വർധിച്ചപ്പോൾ മാത്രമാണ് വിലയിൽ വ്യത്യാസം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇതു റീട്ടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.


പ്രധാന നഗരങ്ങളിലെ വില


∙ കൊച്ചി– പെട്രോൾ 72.32, ഡീസൽ 66.48

∙ ന്യൂഡൽഹി- പെട്രോൾ 71.86, ഡീസൽ 69.99

∙ മുംബൈ- പെട്രോൾ 78.91, ഡീസൽ 68.79

∙ ചെന്നൈ- പെട്രോൾ 76.07, ഡീസൽ 68.74

∙ ഹൈദരാബാദ്- പെട്രോൾ 74.61, ഡീസൽ 68.42

∙ ബെംഗളുരൂ- പെട്രോൾ 74.18, ഡീസൽ 66.54



ഒപെക്കും റഷ്യയും എണ്ണ ഉൽപാദനം കുറച്ച ന‌ടപ‌ടി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ജൂലൈ മാസം വരെ ഇനി ഉൽപാദന വർധനവ് ആലോചിക്കില്ലന്നാണ് ഇരുപക്ഷത്തിന്റെയും നിലപാ‌ട്.  


ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തി​​ന്റെ 10 ശതമാനമാണ്​ ഒപെകും റഷ്യയും ചേർന്ന്​ കുറയ്ക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം വെട്ടിക്കുറയ്ക്കും. അതിന്​ ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക്​ എത്തിക്കണോ എന്ന കാര്യത്തിൽ​ തീരുമാനമെടുക്കുക. 


നേരത്തെ ഉൽപാദനം വെട്ടിക്കുറയ്ക്കാനുളള നടപ‌ടി പ്രഖ്യാപിച്ചപ്പോൾ എണ്ണവില ഉയർന്നിരുന്നു. ഉൽപാദന വെ‌ട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെൻറ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറി​നും താഴെ പോയിരുന്നു.