29 March 2024 Friday

പാലക്കാട് ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

ckmnews

പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ ട്വന്റിഫോറിനോട് പറഞ്ഞുആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍.കെ ബാലകൃഷ്ണനും സ്ഥലത്തെത്തി. പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 15 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ശക്തമായ മഴയില്‍ മലമ്പുഴ ആനക്കല്ലില്‍ വീട് ഭാഗികമായി തകര്‍ന്നു. വടക്കഞ്ചേരി ഓടന്തോട് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല.

ഇടുക്കിയില്‍ വീണ്ടും മഴ തുടരുകയാണ്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. അപകട സാധ്യത കണക്കിലെടുത്ത് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
തൃശൂരിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു. അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു. മഴയില്‍ ചാലക്കുടി പുഴയില്‍ തലനിരപ്പുയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. കൂട്ടിക്കല്‍, ഏന്തയാര്‍ പ്രദേശത്തും തീക്കോയി, പൂഞ്ഞാര്‍ മേഖലയിലും മഴ കുറഞ്ഞു. തീക്കോയിയിലെ 30 ഏക്കറില്‍ നേരിയ മണ്ണിടിച്ചിലുണ്ടായി. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

ഇടുക്കി ഡാമില്‍ മഴയെത്തുടര്‍ന്ന് ജലനിരപ്പ് നേരിയ തോതില്‍ വര്‍ധിച്ചു. 2389.06 അടിയാണ് ഇപ്പോഴത്തെ വര്‍ധനവ്.കനത്ത മഴയില്‍ വയനാട് ജില്ലയില്‍ 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലും ട്രാഫിക് ജംഗ്ഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബത്തേരിയിലെ കടകളിലും വെള്ളം കയറി. നാടുകാണി വഴിക്കടവ് റോഡില്‍ രാത്രിയാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി.മലപ്പുറം വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറി. സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.