19 April 2024 Friday

അപകടാവസ്ഥയില്‍ സംരക്ഷണ ഭിത്തി:വെള്ളിയാങ്കല്ലില്‍ കാഴ്ച കാണാന്‍ എത്തുന്നവര്‍ വര്‍ദ്ധിക്കുന്നു

ckmnews

അപകടാവസ്ഥയില്‍ സംരക്ഷണ ഭിത്തി:വെള്ളിയാങ്കല്ലില്‍

കാഴ്ച കാണാന്‍ എത്തുന്നവര്‍ വര്‍ദ്ധിക്കുന്നു


തൃത്താല:വെള്ളിയാങ്കല്ല് തടയണയുടെ തകർന്ന സംരക്ഷണ ഭിത്തിയുടെ അരിക് ഭാഗത്ത് ആളുകൾ വിശ്രമിക്കുന്നതും കാഴ്ച കാണാൻ നിൽക്കുന്നതും പതിവാകുന്നു.വിദ്യാർഥികളും പുഴയുടെ കാഴ്ച കാണാനെത്തുന്നവരുമെല്ലാം അപകട സാധ്യത മനസിലാക്കാതെ ഭിത്തിയിൽ നിന്നും ഇരുന്നും വിശ്രമിക്കുന്ന കാഴ്ച പതിവാണ്. ഏത് നിമിഷവും പുഴയിലേക്ക് തകർന്ന് വീഴുമെന്ന നിലയിലാണ് ഈ കോൺക്രീറ്റ് ഭിത്തി നൽക്കുന്നത്. ഇതിന്റെ അരിക് വശങ്ങളിൽ മീറ്ററുകളോളം ദൂരം മണ്ണ് ഇടിയാറായി വീണ്ടുകീറിയിട്ടുണ്ടെങ്കിലും ഈ പാടുകൾ മഴവെള്ളം ഒലിച്ച് പോയി മാഞ്ഞ് കിടക്കുകയാണ്. ഇത് മനസിലാക്കാതെയാണ് ആളുകൾ ഇവിടെയിരുന്ന് വിശ്രമിക്കുന്നത്. ഈ ഭാഗത്തേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ അധികൃതർ താൽക്കാലികമായി കയർ കെട്ടിയും മരക്കാലുകൾ കുഴിച്ചിട്ടും താൽക്കാലിക സുരക്ഷാവേലി ഒരുക്കിയിരുന്നു.ഇത്തരം അപകട മുന്നറിയിപ്പുകളെ അവഗണിച്ചാണ് ആളുകൾ ഇവിടേക്ക് പ്രവേശിക്കുന്നത്.കാലപ്പഴക്കം മൂലം സുരക്ഷാ വേലി നശിച്ച് തുടങ്ങി. ഭിത്തി ഇടിയുകയോ കാലൊന്ന് തെറ്റുകയോ ചെയ്താൽ പതിക്കുക ഏഴ് മീറ്ററോളം താഴ്ചയിൽ താഴ് ഭാഗത്തെ കോൺക്രീറ്റ് കട്ടകളിലേക്കോ പുഴയുടെ കുത്തൊഴുക്കിലേക്കോ ആയിരിക്കും.ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളിയാങ്കല്ല് പാലത്തിൽ സന്ദർശക തിരക്കും വർദ്ധിച്ചു.ഇരുകരയും മുട്ടി നിറഞ്ഞൊഴുകുന്ന നിളാനദിയെ കാണാൻ മഴയെ അവഗണിച്ചും നിരവധി ആളുകളെത്തുന്നുണ്ട്.പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിൽ രണ്ടര മീറ്ററിനടുത്താണ് ഇപ്പോഴത്തെ ജലനിരപ്പ്. തടയണയുടെ ഇരുപത്തിയേഴ് ഷട്ടറുകളിൽ ഇരുപത്തിയഞ്ചണ്ണവും ഉയർന്ന് കിടക്കുകയാണ്.പുഴയുടെ കുത്തൊഴുക്ക് കാണാൻ പാലത്തിന് മുകളിലാണ് കൂടുതൽ ആളുകൾ എത്തിയത്. നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.