20 April 2024 Saturday

സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും

ckmnews

സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് തീയറ്റർ ഉടമകൾ. കൊവിഡ് പശ്ചാത്തലത്തിൽ അടച്ച്‌ പൂട്ടിയ മൾട്ടിപ്ലെക്‌സുകൾ അടക്കമുള്ള മുഴുവൻ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. ഇന്ന് ചേർന്ന തീയറ്റർ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റർ ഉടമകളും സർക്കാരുമായി ചർച്ച നടത്തും25 മുതൽ തീയറ്ററുകൾ തുറക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് തന്നെ തുറക്കണമെങ്കിൽ നികുതി കുറയ്ക്കുന്നതടക്കമുള്ള ചില ആവശ്യങ്ങൾ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു.വിനോദ നികുതിയിൽ ഇളവ് നൽകണം, തീയറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെ എസ് ഇ ബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.

തീയറ്റർ ജീവനക്കാർക്കും സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്കും രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പകുതിപ്പേരെ പ്രവേശിപ്പിച്ചേ ഷോ നടത്താൻ പാടുള്ളൂ എന്നും നിബന്ധനയുണ്ട്