20 April 2024 Saturday

പൊന്നാനിയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു

ckmnews



പൊന്നാനിയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിത്ത യാനങ്ങളൊന്നും കടലിലിറങ്ങരുതെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മറികടന്ന് മീൻപിടിത്തത്തിനിറങ്ങിയ 5 വള്ളങ്ങളാണ് പൊന്നാനി തീരദേശ പൊലീസ് സി ഐ പി.കെ രാജ് മോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്.വള്ളങ്ങളിൽ പേരിനുപോലും സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ജാക്കറ്റോ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിൽ മീൻപിടിത്ത മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ കർശനമാക്കുമെന്നും, മുഴുവൻ വള്ളങ്ങളിലും ബോട്ടുകളിലും പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.വള്ളങ്ങളിലും ബോട്ടിലുമുള്ളവർ ഹാർബറിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും തിരിച്ച് കരയിലെത്തിയാൽ മാത്രമേ അഴിച്ചുവയ്ക്കാൻ പാടുള്ളു എന്നുമാണ് നിർദേശം. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാൽ അപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ