20 April 2024 Saturday

ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരും : ഡാം അസിസ്റ്റന്റ് എഞ്ചിനീയർ

ckmnews

ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി ട്വന്റിഫോറിനോട്. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച്വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി വ്യക്തമാക്കിമൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകൾക്ക് ശേഷമേ ഡാം തുറക്കൂ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടാവുക. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി പറഞ്ഞു.

അതേസമയം, അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.