25 April 2024 Thursday

അടുത്ത മൂന്നുമണിക്കൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാമുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ckmnews

അടുത്ത മൂന്നുമണിക്കൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാമുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല.


അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതിനാല്‍ ഇടിയോടുകൂടിയ മഴയുണ്ടാകും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ കാസര്‍ഗോഡ് അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങരുത്.


ന്യൂനമര്‍ദ്ദം ദുര്‍ബലമായതായതോടെ അറബിക്കടലില്‍ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറില്‍ കടലില്‍ നിന്ന് കൂടുതല്‍ മഴ മേഘങ്ങള്‍ കരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പ്രവചനം.