19 April 2024 Friday

വടക്കൻ ജില്ലകളിലും കനത്ത മഴ, രാത്രിയിൽ കൂടുതൽ ശക്തമാകും; മണ്ണിടിച്ചിൽ മുന്നറിയിപ്പ്

ckmnews

വടക്കൻ ജില്ലകളിലും കനത്ത മഴ, രാത്രിയിൽ കൂടുതൽ ശക്തമാകും; മണ്ണിടിച്ചിൽ മുന്നറിയിപ്പ്


കോഴിക്കോട്:സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും മഴ കനത്തു. രാത്രിയോടെ വടക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അതീവശ്രദ്ധ വേണം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയാണ്.


കാസർകോട് വെള്ളരിക്കുണ്ടിൽ അതിശക്തമായ മഴയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി. ചെറുപുഴ–ചീറ്റാരിക്കൽ‍ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോരമേഖലയിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി തുടങ്ങി സ്ഥലങ്ങളിലാണ് മഴ. ഇതിൽ കോടഞ്ചേരിയിലാണ് ശക്തമായ മഴ.


നെല്ലിപ്പൊയില്‍–ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി ടൗണില്‍ വെളളംകയറി. ഇവിടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും പരുക്കില്ല. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർപിൻ  വളവുകൾക്കിടയിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതം തടസ്സം നീക്കി. മുക്കം, കൽപ്പറ്റ സ്റ്റേഷനുകളിലെ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു.