24 April 2024 Wednesday

ചങ്ങരംകുളത്ത് തിളപ്പിച്ച വെള്ളവുമായി ഗൃഹനാഥന്‍ അടുക്കളയില്‍ വഴുക്കി വീണു പൊള്ളലേറ്റ ഒന്നര വയസുകാരന്‍ മരിച്ചു:3 പേര്‍ ചികിത്സയില്‍

ckmnews

ചങ്ങരംകുളത്ത് തിളപ്പിച്ച വെള്ളവുമായി ഗൃഹനാഥന്‍ അടുക്കളയില്‍ വഴുക്കി വീണു 


പൊള്ളലേറ്റ ഒന്നര വയസുകാരന്‍ മരിച്ചു:3 പേര്‍ ചികിത്സയില്‍ 


ചങ്ങരംകുളം:ചൂടാക്കിയ വെള്ളവുമായി വഴുക്കി വീണ് ഗൃഹനാഥനും ഒന്നര വയസുള്ള ഇരട്ട കുട്ടികളും അടക്കം 4 പേര്‍ക്ക് പൊള്ളലേറ്റു.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഒന്നര വയസുകാരന്‍ മരിച്ചു.ചങ്ങരംകുളത്ത് താമസിച്ചിരുന്ന തിരൂര്‍ ഏഴൂര് സ്വദേശിയായ തെക്കെപുരക്കല്‍ ബാബുവിന്റെ മകന്‍ അമന്‍ എസ് ബാബു എന്ന ഒന്നര വയസുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.കാര്‍പെന്റര്‍ ജീവനക്കാരനായ ബാബുവും ജലസേചന വകുപ്പില്‍ ജോലി  ചെയ്യുന്ന സരിതയും മൂന്ന് മക്കളും ഏതാനും വര്‍ഷമായി ചങ്ങരംകുളത്ത് ചിയ്യാനൂരിലും പിന്നീട് ചങ്ങരംകുളത്ത് സണ്‍റൈസ് ഹോസ്പിറ്റലിന് സമീപത്തും വാടകക്ക് താമസിച്ച് വരികയായിരുന്നു.ഒന്നര വയസുള്ള ഇരട്ടക്കുട്ടികളും എട്ട് വയസുള്ള മൂത്ത മകനും കൂടി അടുക്കളയില്‍ കളിച്ച് കൊണ്ടിരുന്ന സമയത്ത് തിളപ്പിച്ച വെള്ളം മാറ്റി വെക്കാന്‍ ശ്രമിച്ച ബാബു നിലത്ത് കുട്ടികള്‍ മൂത്രമൊഴിച്ചത് ശ്രദ്ധിക്കാതെ അതില്‍ ചവിട്ടി താഴെ വീഴുകയായിരുന്നു.തിളച്ച വെള്ളം വീണ് ബാബുവിനും അനുദീപ്(8)അമന്‍ എസ് ബാബു,അലന്‍ എസ് ബാബു എന്നീ ഒന്നര വയസുള്ള ഇരട്ട കുട്ടികള്‍ക്കും പൊള്ളലേറ്റു.സമീപ വാസികള്‍ ചേര്‍ന്ന് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും,പിന്നീട് തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലും,പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച കാലത്താണ് ഗുരുതരമായി പൊള്ളലേറ്റ അമന്‍ മരണത്തിന് കീഴടങ്ങിയത്.ചങ്ങരംകുളം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.പൊള്ളലേറ്റ മറ്റ് മൂന്ന് പേരും ചികിത്സയില്‍ ആണ്.