28 March 2024 Thursday

ദിനപ്രതി കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില ; 30 ദിവസം കൊണ്ട് കൂടിയത് 30 രൂപ

ckmnews

ഹോട്ടലുകളിലും തട്ടുകടകളിലും എത്തിയാല്‍ മലയാളികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ് കോഴി വിഭവങ്ങള്‍.നിര്‍ത്തിപ്പൊരിച്ച കോഴി മുതല്‍ ചിക്കന്‍ പാട്‌സ് വരെ നീളുന്ന കോഴി വിഭവങ്ങള്‍.

എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തീന്‍മേശകളെ പൊള്ളിക്കുകയാണ് ഇറച്ചിക്കോഴി വില. കോഴിവില തിളച്ച്‌ മറിഞ്ഞതോടെ പല ഹോട്ടലുകളും വാങ്ങുന്ന കോഴിയുടെ അളവും കുറച്ചെന്ന് കോഴി വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായി കോഴി വില ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120- 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനയ്ക്കുള്ള പ്രധാന കാരണം. മാത്രമല്ല ചൂട് കൂടിയതോടെ കോഴികളുടെ തൂക്കവും കുറഞ്ഞു. മുമ്ബ് ശരാശരി 3- 4 കിലോയുണ്ടായിരുന്ന കോഴികള്‍ക്കിപ്പോള്‍ രണ്ട് കിലോയില്‍ താഴെയാണ് തൂക്കം.














എന്നാല്‍ തീറ്റ നല്‍കുന്നതിനടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് തലസ്ഥാനത്തെ ഫാമുടമ പറയുന്നു. കൂടാതെ ചൂട് താങ്ങാനാകാതെ നിരവധി കോഴികള്‍ ദിവസവും ചാകുന്നുമുണ്ട്. ഇതും ഫാമുടമകള്‍ക്ക് നഷ്ടമാണ്. വില കൂടിയതോടെ വില്പനയും കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ബ്രോയിലര്‍ കോഴികള്‍ ചത്തുപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇത് ഫാമുടമകള്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടമുണ്ടാക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞാല്‍ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.