25 April 2024 Thursday

കണ്ണീരായി കുടവട്ടൂർ; ധീരജവാന് വിട

ckmnews

ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂർ എൽ.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു. ശഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പന്ത്രണ്ട് വയസ് മുതൽ പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹമെന്ന് ബന്ധു മോഹൻകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടുകാർ പോലും അറിയാതെയാണ് സെലക്ഷന് പോലും പോകുന്നതെന്നും മെഹൻകുമാർ പറഞ്ഞു. ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ചുകൊണ്ട് ട്വന്റിഫോറിന്റെ പ്രത്യേക ‘എൻകൗണ്ടർ’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്തൊൻപതാം വയസിലാണ് വൈശാഖ് സൈന്യത്തിൽ ചേരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു വൈശകൻ. അമ്മയേയും സഹോദരിയേയും നന്നായി നോക്കണം എന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. അടുത്ത തവണ നാട്ടിൽ വരുമ്പോൾ സഹോദരിയുടെ വിവാഹത്തിനുള്ള എല്ലാ ഏർപാടുകളും ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും ബന്ധു മോഹൻകുമാർ പറഞ്ഞു.