19 April 2024 Friday

സിമന്റിന്റേയും കമ്പിയുടെയും വി ല കുതിക്കുന്നു

ckmnews

സിമന്റിന്റേയും കമ്ബിയുടെയും വില കുത്തനെ കൂടുന്നതിനാല്‍ നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ സ്വകാര്യകുത്തകകള്‍ തോന്നുംപടി വില ഉയര്‍ത്തുകയാണ്.125 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്കുണ്ടായത്. കമ്ബിക്കാകട്ടെ കിലോയ്ക്ക് 25 രൂപയോളം വര്‍ധിച്ചു. ടിഎംടി കമ്ബിക്ക് 8.50 രൂപയും ജിഎസ്ടിയുമായിരുന്നു കഴിഞ്ഞവര്‍ഷം വില. ഇപ്പോള്‍ 70 രൂപയും ജിഎസ്ടിയും കൊടുക്കണം. സിമന്റ്വില 360 രൂപയില്‍നിന്ന് 525 രൂപയായി. മറ്റ് നിര്‍മാണ സാമഗ്രികള്‍ക്കും അമിതവിലയുണ്ട്. 53.50 രൂപയില്‍നിന്ന് 80 രൂപയാണ് പൈപ്പ് വില. ആംഗിള്‍സ് 40ല്‍നിന്ന് 58 രൂപയും ഷീറ്റ് 42.50 രൂപയില്‍നിന്ന് 71 രൂപയിലേക്കും കുതിച്ചു. ഇലക്‌ട്രിക്കല്‍, പ്ലബ്ലിങ് സാമഗ്രികള്‍ക്കും തോന്നുംപടിയാണ് വിലവര്‍ധന.


കല്‍ക്കരിക്ഷാമം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. ഇന്ധനക്കൊള്ള ചരക്കുഗതാഗതത്തെ ബാധിച്ചു. ഡീസല്‍വില നൂറുകടന്നതോടെ നിര്‍മാണസാമഗ്രികള്‍ക്ക് ഇനിയും വിലകൂടുമെന്നാണ് ആശങ്ക. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടിയാണ് സിമന്റിന്. 28 ശതമാനം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.


നികുതിവര്‍ധന, ഇന്ധനവിലക്കയറ്റം തുടങ്ങിയ കാരണങ്ങളിലൂടെയാണ് അനിയന്ത്രിതമായി വില ഉയര്‍ത്തുന്നത്. സ്ഥിതിതുടര്‍ന്നാല്‍ സാധാരണക്കാര്‍ക്ക് വീടുപണി സ്വപ്നമായി അവശേഷിക്കും. നിര്‍മാണം തുടങ്ങിയവര്‍ പൂര്‍ത്തിയാക്കാനും ബുദ്ധിമുട്ടുന്നു.