28 March 2024 Thursday

ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി; എറണാകുളത്ത് ശക്തമായ മഴ തുടരുന്നു

ckmnews

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചുഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി ഇവിടെ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ ഡാമുകളുടെ ഷട്ടറുകളൊന്നും നിലവിൽ ഉയർത്തിയിട്ടില്ല.

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്.