18 April 2024 Thursday

നാട് നടുങ്ങിയ ക്രൂരത; ഉത്ര വധക്കേസിൽ വിധി ഉടൻ, കോടതിയിൽ ജനക്കൂട്ടം

ckmnews

കൊല്ലം ∙ കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഉടൻ. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ‌ാണ് വിധി പറയുന്നഅഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണു രാജ്യത്തുതന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.


കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെ, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.