29 March 2024 Friday

സംസ്ഥാനത്ത് ഇറച്ചിക്കോഴി ' പറക്കുന്നു ' ; വില ഒരുമാസത്തിനിടെ 30 രൂപ വരെ കൂടി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്.സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇറച്ചിക്കോഴി വില കിലോയ്ക്ക് 150 രൂപ കടന്നിട്ടുണ്ട്. ഒരു മാസം മുമ്ബ് വരെ ഇത് 120 രൂപയായിരുന്നു. നിലവില്‍ ഒരു കിലോ കോഴി ഇറച്ചിക്ക് 200 രൂപയില്‍ കൂടുതലാണ് വില. ഒരു മാസം മുമ്ബ് ഇത് 170 രൂപ മുതല്‍ 180 രൂപ വരെയായിരുന്നു.


അതിനിടെ ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നതിനെതിരെ കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിച്ചതോടെ വ്യാപാരം സാധാരണനിലയിലേക്ക് വരുന്നതിനിടെയാണ് ചിക്കന് വില കുതിച്ചുയരുന്നത്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവര്‍ദ്ധനവിന് കാരണമെന്ന് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വര്‍ദ്ധിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.