28 March 2024 Thursday

പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ

ckmnews

പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ


മുംബൈ:ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി.  അമ്മ ഗൗരി ഖാന്റെ 51-ാം പിറന്നാൾദിനമായ ഇന്നലെ ജാമ്യം ലഭിച്ച് വീട്ടിലെത്തുമെന്നു കുടുംബാഗങ്ങൾ പ്രതീക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി.ഒപ്പം അറസ്റ്റിലായ സുഹൃത്ത് അർബാസ് മെർച്ചെന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതിക്ക് പരിഗണിക്കാനാകില്ലെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ വാദിച്ചു. ആര്യന്റെ പക്കൽ നിന്നു ലഹരിമരുന്നു പിടിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ അഭ്യർഥിച്ചു.ഇരുഭാഗവും കേട്ടശേഷം ജാമ്യാപേക്ഷ ഇവിടെ പരിഗണിക്കില്ലെന്ന് മജിസ്ട്രേട്ട് കോടതി അറിയിക്കുകയായിരുന്നു.ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകും. ആര്യനടക്കം 6 പേർ ആർതർ റോഡ് ജയിലിലും മുൺമുൺ അടക്കം 2 സ്ത്രീകൾ ബൈക്കുള വനിതാ ജയിലിലുമാണ്.കോവിഡ് പരിശോധനാഫലം നെഗറ്റീവായ ഇവരെയെല്ലാം ആദ്യ 5 ദിവസം ജയിലിൽ ക്വാറന്റീൻ കേന്ദ്രത്തിലാണു പാർപ്പിക്കുക. ഇതിനിടെ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം.ഇല്ലെങ്കിൽ തടവുകാരുടെ സെല്ലിലേക്കു മാറ്റും. ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂ. ആവശ്യമെങ്കിൽ പണമടച്ച് അധികഭക്ഷണം വാങ്ങാം.വ്യാഴാഴ്ചയാണു 14 ദിവസത്തേക്ക് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. വിധി വന്നതു രാത്രിയായതിനാൽ അന്ന് എൻസിബി ഓഫിസിൽ കഴിഞ്ഞ ഇവരെ ഇന്നലെ രാവിലെയാണു ജയിലിലേക്കു മാറ്റിയത്. തൊട്ടുപിന്നാലെ ജാമ്യാപേക്ഷ പരിഗണിച്ചു.മുംബൈയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ സെൻട്രൽ ജയിലാണ് ആർതർ റോഡ് ജയിൽ എന്നറിയപ്പെടുന്നത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക്ക് ഭീകരൻ അജ്മൽ കസബ് ഉൾപ്പെടെയുള്ളവരെ ഇവിടെയാണു പാർപ്പിച്ചിരുന്നത്. ആയുധക്കേസിൽ നടൻ സഞ്ജയ് ദത്ത് തുടങ്ങിയവരും ഇവിടെയാണു കഴിഞ്ഞത്