20 April 2024 Saturday

കേരള ഗാന്ധി കെ.കേളപ്പജി തവനൂരിൽ താമസിച്ചിരുന്ന വീട് ചരിത്രസ്മാരമാക്കുന്നു

ckmnews


 

എടപ്പാള്‍:കേരള ഗാന്ധി കെ.കേളപ്പജി തവനൂരിൽ താമസിച്ചിരുന്ന വീട് ചരിത്രസ്മാരമാക്കും.നൂറേക്കറോളംവരുന്ന തവനൂരിലെ കാർഷിക എൻജി.കോളേജ് വളപ്പിനുള്ളിൽ ഓടുമേഞ്ഞ ചെറിയൊരു വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത് .കെ. കേളപ്പന്റെ സാന്നിധ്യത്തിൽ നടന്ന രാഷ്ട്രീയ-സർവോദയ സംബന്ധമായ ചർച്ചകൾക്കും ഈ വീടാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.സർവോദയപ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ മിക്കവാറും തവനൂരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.അദ്ദേഹത്തിൻ്റെ കർമ്മമണ്ഡലമായ വീടാണ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കേളപ്പജി കാർഷിക കോളേജിൻ്റെ സഹകരണത്തോടെ ചരിത്ര സ്മാരകമാക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്.വീടിൻ്റെ പഴമ നിലനിർത്തിക്കൊണ്ടു തന്നെ ചരിത്ര സ്മാരമാക്കുകയും,മിനി മ്യൂസിയവും,ഗ്രന്ഥശാലയും,സൗന്ദര്യവത്ക്കരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചരിത്ര സ്മാരകമായി വീട് മാറ്റുന്നത്.താമസ വീടിനു മുറ്റത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ പി.എസ്. ധനലക്ഷ്മി, ലിഷ.കെ, ഫിറോസ്.എം.വി, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൂട്ടാക്കിൽ ,കേളപ്പജി കാർഷിക കോളേജ് മേധാവി സത്യൻ.കെ.പി.വേണു, ഗോപാലകൃഷണൻ കോലോത്ത്, രവീന്ദ്രൻ കെ, ജയരാജ്.വി, അനിൽ തവനൂർ ,പി.സുരേന്ദ്രൻ ,രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, സർവോദയ മണ്ഡലം പ്രവർത്തകർ,സർവ്വോദയ മേള പ്രവർത്തകർ,രാഷ്ട്രീയ പ്രവർത്തകർ, കേളപ്പജി സ്കൂൾ - കോളേജിലെ ജീവനക്കാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ വീട്ടുമുറ്റത്ത് ഒത്തുകൂടി.