28 March 2024 Thursday

കടലുണ്ടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു; സുഹൃത്തിനെ കാണാതായി

ckmnews

മലപ്പുറം ∙ കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളൻമടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫി(16)ന്റെ മൃതദേഹമാണു കണ്ടെത്തിയത്. താമരക്കുഴി മേച്ചോത്ത് അബ്ദുൽ മജീദിന്റെ മകൻ റയ്ഹാനു(15) വേണ്ടി തിരച്ചിൽ തുടരുന്നു.

മലപ്പുറം ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കിൽപെട്ടത്. അഗ്‍നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ, അര മണിക്കൂറിനുശേഷം കടവിനു സമീപത്തുനിന്ന് ആസിഫിന്റെ മൃതദേഹം കണ്ടെത്തി. രാത്രി 10 വരെ തിരഞ്ഞെങ്കിലും റയ്ഹാനെ കണ്ടെത്താനായില്ല. ആസിഫ് മലപ്പുറം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സഫിയ, സഹോദരങ്ങൾ: അൽത്താഫ്, ആരിഫ്, അൻസാർ, അയ്യൂബ്. എംഎസ്പി ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്  റയ്ഹാൻ.