28 March 2024 Thursday

പ്രണയത്തിൽ തുടങ്ങി ത്രില്ലറിലെത്തുന്ന ‘ഭ്രമം’;റിവ്യു

ckmnews

പ്രണയത്തിൽ തുടങ്ങി ത്രില്ലറിലെത്തുന്ന ‘ഭ്രമം’;റിവ്യു


നല്ലതെന്തിനോടും മനുഷ്യന് ഭ്രമം ഉണ്ടാകുക സ്വാഭാവികം. അങ്ങനെ ഭ്രമം തോന്നിയതൊക്കെ സ്വന്തമാക്കാൻ അവൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ചിലർ അതിനായി നേരായ മാർഗം സ്വീകരിക്കും, മറ്റു ചിലർ കുറുക്കുവഴികൾ തിരയും. ചിലർ അതിനായി അധ്വാനിക്കും, മറ്റു ചിലർ മെയ്യനങ്ങാതെ കയ്യടക്കാൻ നോക്കും. ചിലർ സ്വന്തം നേട്ടത്തിനായി കൂട്ടുകാരനെ ചതിക്കാൻ മടിക്കും, എന്നാൽ മറ്റു ചിലർ സ്വാർഥന്മാരായി ഒപ്പമുള്ളവന്റെ കുതികാൽ വെട്ടും. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ഇൗ ഭ്രമം തന്നെയാണ് ‘ഭ്രമം’ എന്ന സിനിമയുടെ പ്രമേയവും. 


റേ മാത്യൂസ് എന്ന അന്ധനായ സംഗീതജ്ഞന്റെ കഥയാണ് ഇൗ ചിത്രം പറയുന്നത്. റേയുടെ മാത്രമല്ല, ഇത് ഉദയ് കുമാറിന്റെ കഥയാണ്, ജിയയുടെ കഥയാണ്, അഭിനവിന്റെയും രേണുകയുടെയും വിലാസിനിയുടെയും കഥയാണ്. അന്ധനായ റേ അറിയാതെ ഒരു കുറ്റകൃത്യത്തിനു ‘സാക്ഷിയാകുന്നു’. അതയാളെ കൊണ്ടെത്തിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. ഒന്നിനു പിറകെ ഒന്നായി അഴിയാച്ചുരുളുകളുള്ള വലിയ ക്രൈമിന്റെ ഭാഗമായി അയാൾ മാറുന്നു. 


മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ബ്ലാക്ക് കോമഡി/ ബ്ലാക്ക് ഹ്യൂമർ ജോണറിലുള്ളതാണ് ഇൗ ചിത്രം. എന്നാൽ പൂർണമായി അത്തരത്തിലുള്ള ഒന്നെന്ന് വിശേഷിപ്പിക്കാനുമാവില്ല. സിനിമയിലെ മിക്ക കഥാപാത്രങ്ങൾക്കും ഒരു ഗ്രേ ഷെയ്ഡുണ്ട്. ഒരു കഥാപാത്രത്തെയും നന്മയുടെയോ തിന്മയുടെയോ മാത്രം പ്രതിരൂപമായി അവതരിപ്പിക്കാൻ അണിയറക്കാർ മുതിർന്നിട്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാ മനുഷ്യരുടെയും സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന തത്വമാണ് ഇൗ സിനിമ പറയുന്നത്. 


ഒരു പ്രണയ ചിത്രത്തിന്റെ ഭാവത്തിൽ ആരംഭിക്കുന്ന ചിത്രം ആദ്യത്തെ ക്രൈം നടക്കുന്നതോടെയാണ് ത്രില്ലർ മൂഡിലേക്ക് മാറുന്നത്. പിന്നീട് ഒന്നിനു പുറകേ മറ്റൊന്നായി കുറ്റകൃത്യങ്ങളുടെ നീണ്ട നിര. ആരെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും എന്ന് പ്രേക്ഷകനു പോലും സംശയം തോന്നുന്ന അവസ്ഥ. വാളെടുത്തവരൊക്കെ വാളാൽ തന്നെ ഒടുങ്ങുമ്പോൾ അതിൽനിന്ന് രക്ഷപ്പെടുന്നവർ ചുരുക്കം. 



റേ മാത്യൂസ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് മികച്ച രീതിയിൽ അവതരിപ്പിച്ചു. പൃഥ്വി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽനിന്ന് വിഭിന്നമാണ് റേ. പൃഥ്വിക്ക് അഭിനയിച്ചുഫലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പൊതുവേ വിമർശകർ പറയാറുള്ള ഹാസ്യ രംഗങ്ങൾ ഈ ചിത്രത്തിൽ അനായാസം അദ്ദേഹം കൈകാര്യം ചെയ്തു. മംമ്ത, ഉണ്ണി മുകുന്ദൻ, ശങ്കർ തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. ചെറുതെങ്കിലും അനന്യ അവതരിപ്പിച്ച കഥാപാത്രം ഗംഭീരമായി. ജഗദീഷിന്റെ ഡോക്ടർ വേഷവും പ്രേക്ഷകനെ ആകർഷിക്കും. ഇവർ രണ്ടു പേരും ഇപ്പോൾ സിനിമയിൽ സജീവമല്ലാത്തതിനാലാണോ എന്നറിയില്ല അവരുടെ കഥാപാത്രങ്ങൾക്ക് ഒരു പുതുമ അനുഭവപ്പെട്ടു.


രവി കെ. ചന്ദ്രൻ എന്ന സംവിധായകൻ ടെക്‌നിക്കലി മികച്ച രീതിയിൽത്തന്നെ സിനിമ ഒരുക്കി. അദ്ദേഹം തന്നെ ക്യാമറ കൈകാര്യം ചെയ്തതിന്റെ മികവ് സിനിമയിൽ അറിയാനുണ്ട്. ജേക്സ് ബിജോയുടെ സംഗീതം സിനിമയെ മനോഹരമാക്കി. വിവേക് ഹർഷന്റെ എഡിറ്റിങ്ങും യോജിച്ചതായി. 


അന്ധാദുൻ എന്ന ഹിന്ദി സിനിമയുടെ റീമെയ്‌ക്ക് ആയതു കൊണ്ടുതന്നെ ഭ്രമത്തെ ആ ചിത്രവുമായി താരതമ്യം ചെയ്യുക സ്വാഭാവികം. അങ്ങനെ നോക്കിയാൽ ഒറ്റ വാക്കിൽ ഡീസന്റ് റീമെയ്ക് എന്ന് വിശേഷിപ്പിക്കാം ഭ്രമത്തെ. കുറച്ചു കൂടി കോമഡി എലെമെന്റ്സ് മലയാളത്തിൽ എത്തുമ്പോൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പലർക്കും ഉണ്ടാകാം. അന്ധാദുൻ കാണാത്തവർക്ക് ഭ്രമം നന്നായി ആസ്വദിക്കാവുന്ന സിനിമയാണ്, ഇനി അന്ധാദുൻ കണ്ടവരാണെങ്കിൽ നിങ്ങൾക്കു ഒരിക്കലും നിരാശപ്പെടേണ്ടിയും വരില്ല.