19 April 2024 Friday

മോന്‍സന്റെ വിദേശ ബന്ധങ്ങളിലേക്ക് അന്വേഷണം നീളുന്നു; കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം

ckmnews

കൊച്ചി: വിദേശത്തു നിന്ന് മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് അന്വേഷണം നടത്തും. മോൻസൺന്റെ ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മോൻസണിലൂടെ വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.ബിനാമി ഏർപ്പാട് കൂടാതെ, നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാൻ മോൻസൺ സഹായം നൽകി തുടങ്ങിയ സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം കൂടി നടത്തിയ സാഹചര്യത്തിൽ മോൻസൺ ബന്ധപ്പെട്ടിരുന്ന വിദേശത്തുള്ളവരെ കേന്ദ്രീകരിച്ച് കൂടി അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.മോൻസണ് ഡൽഹിയിലടക്കം ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. വിദേശ ബന്ധങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ഇയാൾ ചോദ്യംചെയ്യലിൽ പ്രതികരിച്ചില്ല. മോൻസണിന്റെ കമ്പനിക്ക് യു.എസ്.എ, കാനഡ, യു.കെ. യൂറോപ്യൻ യൂണിയൻ, യു.എ.ഇ, മലേഷ്യ, ഘാന, തുർക്കി, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ ശാഖയുണ്ടെന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്.

ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും അന്വേഷിക്കും. വിദേശയാത്ര ചെയ്യാത്ത മോൻസൺ വിദേശങ്ങളിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാധ്യത കുറവാണ്. എന്നാൽ, വിദേശത്തുള്ളവർ ആരെങ്കിലും മോൻസണെ സഹായിച്ചിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

തീരുന്നില്ല കേസുകള്‍

മോൻസൺ മാവുങ്കലിനെതിരേ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നൽകിയ പരാതിയിലാണിത്. ശില്പങ്ങൾ വാങ്ങിയ ശേഷം മൂന്നുകോടി രൂപ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. മോൻസണിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏറെയും സന്തോഷ് നൽകിയതായിരുന്നു. ‘മോശയുടെ അംശവടി’ എന്ന് മോൻസൺ അവകാശപ്പെട്ട വസ്തുവും ശില്പങ്ങളുമൊക്കെ സന്തോഷാണ് നൽകിയത്. ഇതിന്റെ പണം നൽകിയില്ല. പുരാവസ്തു വിറ്റ വകയിൽ തന്റെ അക്കൗണ്ടിൽ വന്ന കോടിക്കണക്കിന് പണം ആർ.ബി.ഐ. തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് ലഭിച്ചാൽ പണം നൽകാമെന്നുമായിരുന്നു മോൻസൺ അറിയിച്ചിരുന്നത്.

സന്തോഷിന്റെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് മോൻസണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്.പി.യുടെ മേൽനോട്ടത്തിൽ ചോദ്യംചെയ്യുകയും ചെയ്തു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ മൊഴി നൽയിട്ടുമുണ്ട്. മോൻസണിെന്റ തട്ടിപ്പു കേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവുശേഖരണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ശില്പി സരേഷിന്റെ പരാതിയിൽ ഇയാളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.

അതേസമയം, തൃശ്ശൂരിലെ വ്യവസായി ഹനീഷ് ഒല്ലൂർ പോലീസിൽ മോൻസണിനെതിരേ പരാതി നൽകിയിട്ടുണ്ട്. 17 ലക്ഷം രൂപ കടംവാങ്ങിയ ശേഷം തിരിച്ചുനൽകിയില്ലെന്നാണ് പരാതി. മോൻസണിന്റെ കാറുകൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് അധികൃതർ വാഹന രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്ട്ര, ഹരിയാണ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരിക്കുകയാണ്.

മോൻസൺ - തട്ടിപ്പിന്റെ തമ്പുരാൻ

പത്ത് കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത് . 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ ‘ഡോക്ടർ’ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും.

കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ്‌ പ്രൊട്ടക്‌ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ടായിരുന്നു. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ ’കക്ഷി’ യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്.

പുറത്തേക്ക്‌ പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക്‌ പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ കണ്ടെത്തിയിരുന്നു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും. നാട്ടിൽ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.

പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാൾ ആഘോഷങ്ങളും പുതുവർഷാഘോഷങ്ങളും മോൺസൻ സ്വന്തം ചെലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളിൽ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിട്ടുണ്ട്.  ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ആഘോഷ പരിപാടികൾക്കായി മോൺസൻ ചെലവാക്കിയത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോൺസൻ മാവുങ്കലിനെ കൂടെയുള്ളവർ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂർത്തടിക്കുന്നതും ആർഭാടജീവിതം നയിക്കുന്നതുമായിരുന്നു മോൺസന്റെ രീതി.