25 April 2024 Thursday

പേ വിഷബാധയ്ക്കു ചികിത്സ തേടിയെത്തി, കാത്തുനിന്നത് 3 മണിക്കൂർ; അവസാനം കിട്ടിയത് ‘വാട്സാപ്’ ചികിത്സ!

ckmnews

കോഴിക്കോട് ∙ പേ വിഷബാധയ്ക്കു ചികിത്സയ്ക്കായി എത്തിയവർക്കു മൂന്നര മണിക്കൂറോളം കാത്തു നിന്ന ശേഷം ലഭിച്ചത് ‘വാട്സാപ്’ ചികിത്സ. വൈദ്യുതി പോയതിനെ തുടർന്നു രോഗിക്കൊപ്പം വന്നവർ തെളിച്ചു നൽകിയ മൊബൈൽ വെളിച്ചത്തിലായിരുന്നു ചികിത്സ നൽകിയത്. അരണ്ട വെളിച്ചെത്തിൽ കുട്ടിയെ നേരിട്ടു പരിശോധിച്ച ഹൗസ് സർജൻ പിജി ഡോക്ടറോട് ഫോണിൽ ഉപദേശം തേടിയാണ് മരുന്നുകൾ കുറിച്ചത്. മണിക്കൂറുകൾ കാത്തു നിന്നു മടുത്ത രോഗികൾക്ക് ഒടുവിൽ വിധിച്ചതു പുറമേ നിന്നും രണ്ടായിരത്തഞ്ഞൂറിലേറെ രൂപ വിലയുള്ള മരുന്നു വാങ്ങി നൽകണമെന്ന കുറിപ്പും.

അത്യാഹിത വിഭാഗത്തിലെ ട്രയാജിൽ നിന്നു നൽകുന്ന ടോക്കണുമായി അത്യാഹിത വിഭാഗം കൗണ്ടറിൽ നിന്ന് ഒപി ടിക്കറ്റെടുത്ത് ഒപി വിഭാഗം കെട്ടിടത്തിലെ 60–ാം നമ്പർ മുറിയിൽ നിന്നാണ് (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ– എസ്പിഎം) നിന്നാണ് പരിശോധനയും ചികിത്സയുമെല്ലാം നൽകുന്നത്. ഇവിടെ ഇന്നലെ ഉച്ചയ്ക്കു ശേഷം ഉണ്ടായിരുന്നത് 2 ഹൗസ് സർജൻമാർ മാത്രം. ഒരു രോഗിയെ നോക്കുന്നതിനു ശരാശരി ഒന്നര മണിക്കൂർ വരെയാണ് സമയം. ഹൗസ് സർജൻ നോക്കിയ ശേഷം മുറിവു പറ്റിയ ഭാഗത്തിന്റെ ഫോട്ടോ എടുത്ത് പിജി ഡോക്ടറുടെ ഫോണിലേക്കു അയയ്ക്കും.

പിന്നീട് ഡോക്ടർ പറയുന്ന വിവരങ്ങൾ രോഗിയോട് ചോദിച്ചു കൂടുതൽ വിവരങ്ങൾ കൈമാറൽ.. ഇങ്ങനെ ‘ഫോൺ പരിശോധനയെല്ലാം’ കഴിയുമ്പോഴാണ് 6 മാസത്തിനിടെ ടെറ്റനസ് ടോക്‌സോയിഡ് (ടിടി) കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്നു ഹൗസ് സർജന്റെ ചോദ്യം. ഇല്ലെങ്കിൽ ടിടി എടുക്കാൻ അത്യാഹിത വിഭാഗത്തിൽ പോകണം. പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുത്തു കഴിഞ്ഞാൽ പിന്നീട് മുറിവ് കെട്ടേണ്ടവരാണെങ്കിൽ അതിനും അത്യാഹിത വിഭാഗത്തിലെത്തണം.

ഇന്നലെ വൈകിട്ടു മൂന്നേ കാലിനു ഇവിടെ എത്തിയവർക്കു ഹൗസ് സർജനെ കാണാൻ കഴിഞ്ഞതു മൂന്നര മണിക്കൂറിലേറെ കാത്തു നിന്നശേഷം. ചികിത്സയെല്ലാം കഴിയുമ്പോഴേക്കും 6 മണിക്കൂർ കഴിഞ്ഞു. ഇതിനിടെ ചികിത്സ വൈകിയതിനെ തുടർന്നു തിരിച്ചു സ്വകാര്യ ആശുപത്രിയിലേക്കു പോയവരുമുണ്ട്. തെരുവു നായ, പൂച്ച തുടങ്ങിയവയുടെ കടിയേറ്റ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവിടെ എത്തി ഏറെ നേരം കാത്തിരുന്നത്.

ഹൗസ് സർജൻ ചികിത്സ നൽകുന്നത് മുതിർന്ന ഡോക്ടറുടെ സാന്നിധ്യത്തിലാകണം

എംബിബിഎസ് കഴിഞ്ഞു റജിസ്ട്രേഷൻ ലഭിച്ച ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമാണ് ഹൗസ് സർജൻമാർ ചികിത്സിക്കേണ്ടത്. എന്നാൽ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എസ്പിഎം വിഭാഗത്തിൽ ചികിത്സ നൽകാൻ ഹൗസ് സർജൻമാർ മാത്രം. മലബാറിലെ പ്രധാന മെഡിക്കൽ കോളജിലാണ് ഇത്തരമൊരു സാഹചര്യം. മറ്റു ആശുപത്രികളിൽ നിന്നു മുതിർന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം ഇവിടേക്കു വിടുന്ന രോഗികളെ ഹൗസ് സർജൻമാർ നോക്കി ചികിത്സ നൽകുന്ന സാഹചര്യം ഇവിടെ കൂടി വരികയാണെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്.